ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഇന്ത്യയില്‍ കൊറോണ വൈറസ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം പറഞ്ഞത്. ‘ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാന്‍ സാധിക്കില്ല’- മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 21,000 കടന്ന് 21,129 ല്‍ എത്തി. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും 487 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്താകെ 4,76,377 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമായി ഉയര്‍ന്നു.

പുതിയ കൊവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 14,454 പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.