വിസ തട്ടിപ്പ്: യുക്തിവാദി സനല്‍ ഇടമറുകിനെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ഹെല്‍സിങ്കി: ഇന്ത്യന്‍ യുക്തിവാദ സംഘം പ്രസിഡന്റ് സനല്‍ ഇടമറുകിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഫിന്‍ലന്‍ഡില്‍ വിസയും ജോലിയും ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റര്‍പോള്‍ അന്വേക്ഷണം ആരംഭിച്ചിരിക്കുന്നത്.

2015 -2017 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. ഈ കാലയളവില്‍ തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും 15, 25000 രൂപ കൈപ്പറ്റി. ഉപരിപഠനത്തിനും ജോലിയ്ക്കുമായി വിസ ഏര്‍പ്പാടാക്കാമെന്ന ഉറപ്പിലാണ് പലപ്പോഴായി സനല്‍ പണം പണം കൈപ്പറ്റിയത്. എന്നാല്‍ വിസ ലഭിക്കാതായതോടെ പരാതിക്കാരി സനലിനെ ബന്ധപ്പെടുകയും പണം തിരികെ ചോദിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ കബളിക്കപ്പെടുകയായിരുന്നുവെന്നു മനസിലാക്കിയ ഉദ്യോഗസ്ഥ പൊലീസിനെ സമീപിക്കുകയായിരുന്നു.

2018-ല്‍ ആലപ്പുഴ സി.ജെഎം കോടതി സനല്‍ ഇടമറുകിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഫിന്‍ലന്‍ഡില്‍ ജീവിക്കുന്ന സനലിനെ കേരളത്തിലെ നിയമവ്യവസ്ഥയ്ക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ ഇപ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സി.ബി.ഐയും ഇതേ കേസില്‍ ഇയാളെ തിരയുന്നതയാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കാര്യമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായതായി അറിവില്ല. ഇന്ത്യന്‍ ഇന്റര്‍പോള്‍ ഇതുവരെ എംബസിയെ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

15 ലക്ഷം രൂപ സര്‍ക്കാര്‍ ഉദ്യാഗസ്ഥ യുക്തിവാദി സംഘത്തിന് സംഭാവന നല്‍കിയതാണെന്നാണ് സനല്‍ ഇടമറുകിന്റെ വാദം. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നു മനസിലാക്കാക്കിയ സനല്‍ ഈ അടുത്ത ദിവസങ്ങളില്‍ പരാതിക്കാരിയെ സമീപിക്കുകയും കേസുകള്‍ പിന്‍വലിച്ചാല്‍ തുക തവണകളായി നല്‍കാമെന്ന് വാട്‌സ് ആപ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നിരവധി കേസുകള്‍ സനല്‍ ഇടമറുകിനെതിരെ നിലവിലുണ്ട്. കത്തോലിക്ക സഭയും ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണ് സനല്‍ ഫിന്‍ലന്‍ഡില്‍ ഒളിവില്‍ താമസിക്കുന്നതിനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.