താന്‍ നിരപരാധി; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന
സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ് . യുഎഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വര്‍ണം അടങ്ങിയ ബാഗേജ് എത്തിയതെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
ജൂണ്‍ 30തിനാണ് 30 കിലോ സ്വര്‍ണമടങ്ങിയ ബാഗേജ് കാര്‍ഗോ കോംപ്ലക്‌സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താന്‍ ബന്ധപ്പെട്ടെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താന്‍ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയില്‍ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാന്‍ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നത്. സ്വര്‍ണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് തന്റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹര്‍ജിയിലുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ചതാണ്. എന്നാല്‍ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കോവിഡ് പശ്ചാത്തലത്തില്‍ ചില സഹായങ്ങള്‍ ചെയ്തുനല്‍കാറുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെയാകും പരിഗണിക്കുക. അതേസമയം സ്വപ്ന ഇപ്പോഴും ഒളിവില്‍ ആണെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം.