തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ എത്തുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ പ്രാഥമിക പരിശോധന നടത്തി ഒരു റിപ്പോര്‍ട്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചിരുന്നു എന്ന് സൂചനയുണ്ട്. കസ്റ്റംസും ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് എന്‍ഐഎക്ക് കേസ് കൈമാറാന്‍ ധാരണയായത്. മുന്‍പ് നടത്തിയ സ്വര്‍ണക്കടത്തുകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. 160 കോടിയുടെ സ്വര്‍ണക്കടത്താണ് ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. പത്തിലധികം തവണ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ട് എന്ന വിവരവും ലഭിച്ചിരുന്നു. ഇതൊക്കെ എന്‍ഐഎ പരിശോധിക്കും.

ഇതിനിടെ, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നാണ് വിവരം. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡര്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

സ്വര്‍ണക്കടത്ത് വിവാദം ശക്തമായതോടെ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചിരുന്നു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.