എം.ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് ; ഫ്‌ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്തു
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ അന്വേഷണം മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കരനിലേക്കും. സെക്രട്ടേറിയേറ്റിന് സമീപത്തെ ശിവശങ്കരന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സെക്രട്ടേറിയേറ്റില്‍ നിന്നും വിളിപ്പാട് അകലെയുള്ള ഹെദര്‍ ടവറിലെ ആറാം നിലയിലെ ഫ്‌ളാറ്റിലാണ് (6- F) കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയത്.
ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഫ്‌ലാറ്റില്‍ നടന്നതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ ഇവിടെ എത്തിയിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ശിവശങ്കറിന്റെ പദവിയോ, ബന്ധമോ പ്രതികള്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുന്നത്.
ഫ്‌ലാറ്റില്‍ ശിവശങ്കരന്‍ രാത്രികാലങ്ങളിലാണ് എത്തിയിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ആറാം തിയതി വൈകിട്ട് ഏഴിന് പോയ ശേഷം ഇതുവരെ എത്തിയിട്ടില്ല. ശിവശങ്കറിനൊപ്പം ആരും ഫ്‌ളാറ്റില്‍ വരുന്നത് കണ്ടിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമര്‍ശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു. നടപടിക്ക് പിന്നാലെ ശിവശങ്കര്‍ 6 മാസത്തെ അവധിക്ക് അപേക്ഷ നല്‍കി.