സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ , ഇരുവരെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം വരുന്നത് വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി.
പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.
ശനിയാഴ്ചയാണ് എന്‍.ഐ.എ സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്തത്. ഇന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്കി വിധേയമാക്കിയിരുന്നു.