കേരളത്തിലെ കൊവിഡ് കേസുകളുടെ കണക്കുകള്‍ പിണറായി മറച്ചുവയ്ക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍
കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. നിഷേധാത്മക സമീപനം മൂലം കൊവിഡ് പ്രതിസന്ധിയെ കേരളം രൂക്ഷമാക്കിയെന്നാണ് നഡ്ഡയുടെ ആരോപണം. വിഡിയോ കോണ്‍ഫറന്‍സ് വഴി കാസര്‍ഗോഡെ ബിജെപി ഓഫീസ് ഉദ്ഘടനം ചെയ്ത ശേഷം വെര്‍ച്വല്‍ റാലിയിലൂടെ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ജെപി നഡ്ഡ പിണറായി വിജയനെ കടന്നാക്രമിച്ചത്.
രോഗവിവരത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി പ്രസിഡന്റ് പറയുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തിന് നിഷേധാത്മക മനോഭവമായിരുന്നുവെന്നും നഡ്ഡ കുറ്റപ്പെടുത്തി.
വേണ്ടത്ര ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ക്രമീകരിച്ചുവെന്ന കേരളത്തിന്റെ അവകാശവാദം തെറ്റായിരുന്നുവെന്നും ജനങ്ങളെ സര്‍ക്കാര്‍ ദുരിതത്തിലാക്കിയെന്നും നഡ്ഡ പറഞ്ഞു. വയനാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമരം നടത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് കേരള ഹൗസ് വിട്ടു നല്‍കി. എന്നാല്‍ അത്യാവശ്യമുള്ള മലയാളി നഴ്സുമാര്‍ക്ക് നല്‍കിയില്ലെന്നും ജെപി നഡ്ഡ പറഞ്ഞു. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അധ്യക്ഷന്റെ കുറ്റപ്പെടുത്തല്‍.