സ്വര്‍ണം കടത്ത് ഭീകര പ്രവര്‍ത്തനത്തിന് ; പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നും എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം കടത്തിയത് ജൂവലറികള്‍ക്കു വേണ്ടിയല്ല ഭീകരപ്രവര്‍ത്തനത്തിനു വേണ്ടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ അറസ്റ്റിലായ സ്വപ് സുരേഷിനെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് വെളിപ്പെടുത്തല്‍. എന്‍ഐഎ കോടതിയിലാണ് എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

യുഎഇയുടെ എംബ്ലവും സ്റ്റാമ്പും സംഘം വ്യാജമായി നിര്‍മിച്ചു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച സന്ദീപിനെ ഇറക്കിയത് അസോസിയേഷന്‍ ഭാരവാഹിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. സന്ദീപിനെ പുറത്തിറക്കാന്‍ ജാമ്യത്തിന് ആളെ കണ്ടെത്തിയതും ഈ പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതി കസ്റ്റഡിയില്‍വിട്ടു. പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ വ്യക്തമാക്കി.