രാജസ്ഥാന്‍ ; സച്ചിനൊപ്പം 5 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന രാജസ്ഥാനില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. തനിക്കൊപ്പമുള്ള 102 എം.എല്‍.എമാരുമായി യോഗം ചേര്‍ന്ന് അദ്ദേഹം ശക്തി പ്രകടിപ്പിച്ചു. എന്നാല്‍ ഗെഹ്ലോട്ടിന്റെ അവകാശവാദം തള്ളി സച്ചിന്‍ പൈലറ്റ് രംഗത്തുവന്നു. ജയ്പുരില്‍ ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എന്നാല്‍ എത്തിച്ചേരാതിരുന്ന അംഗങ്ങളില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 101 പേരാണ് മന്ത്രിസഭ നിലനിര്‍ത്താന്‍ ആവശ്യമുള്ളത്. സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്താനും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരവിന് വഴിയൊരുക്കാനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നതെങ്കിലും പത്തില്‍ താഴെ പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കു പ്രസക്തിയില്ലെന്ന്, സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസിലേക്കു മടങ്ങിവരാം. കുടുംബത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ മുതിര്‍ന്നവര്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. അങ്ങനെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിട്ടാണ് താന്‍ ഇവിടെ എത്തിയതെന്ന് സുര്‍ജേവാല പറഞ്ഞു.
അതിനിടെ സംസ്ഥാന കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകള്‍ നീക്കി. പി.സി.സി അധ്യക്ഷന്‍ കൂടിയായ സച്ചിന്റെ പോസ്റ്ററുകള്‍ ഇന്ന് ഉച്ചയോടെയാണ് നീക്കം ചെയ്തത്. അതേസമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ്. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിന്‍ തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.