കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ; ഫോളോവേഴ്സായി പ്രമുഖ താരങ്ങളും

കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നാളുകള്‍ക്ക് ശേഷം താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. കാവ്യ മാധവന്റെ അക്കൗണ്ടാണോ ഇതെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ട്. നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അതേസമയം യഥാര്‍ത്ഥ അക്കൌണ്ട് ആണെന്ന് കരുതി പല താരങ്ങളും ഈ അക്കൌണ്ടുകള്‍ ഫോളോ ചെയ്യുകയും ചെയ്തു. അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരാണ് കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത്. ലിസ്റ്റിലുള്ളവരെ കണ്ടപ്പോഴാണ് ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകരും ചോദിച്ചത്. തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും താരങ്ങള്‍ അറിയാറില്ല. വ്യാജ കാസ്റ്റിങ് കോള്‍ വരെ ഇത്തരത്തില്‍ നടന്നിരുന്നുവെന്നറിയിച്ചതിന് ശേഷമായാണ് പല താരങ്ങളും പ്രതികരിച്ചത്.

സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. താരവിവാഹത്തിലും മറ്റ് ചടങ്ങുകളിലുമൊക്കെ പങ്കെടുക്കാനായി താരം എത്താറുമുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന് വന്നപ്പോഴും കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിനെത്തിയപ്പോഴുമെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രങ്ങളാണോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്ന തരത്തിലുള്ള സംശയവും ആരാധകര്‍ക്കുണ്ട്.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പേരില്‍ നേരത്തെ വ്യാജ അക്കൗണ്ടുകള്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. ദിലീപിന്റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച് അറിയിച്ചതും. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സജീവമായിരുന്നുവെങ്കിലും മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്തുകയായിരുന്നു താരപുത്രി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മകളെന്ന് ദിലീപ് പറഞ്ഞിരുന്നു.