സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ന്യായീകരണവും വിശദീകരണവുമായി പിണറായി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയര്‍ ആയവരെ ന്യായീകരിച്ചും വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. എം. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് പിണറായി പറഞ്ഞു. സസ്പെന്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ഒരു പ്രശ്നം ഉണ്ടെന്നു കണ്ടാല്‍ ഒരു കാലതാമസവും ഇല്ലാതെ നടപടിയുണ്ടാകും. സംശയകരമായ സാഹചര്യം ഉണ്ടായാല്‍ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയും ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വെറും കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ വസ്തുതകള്‍ വേണം. ചട്ടങ്ങള്‍ അനുസരിച്ചേ മുന്നോട്ടു പോകാന്‍ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും. കേസില്‍ ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുന്നുണ്ട്. അത് ആരുടേതൊക്കെയാണെന്നു കണ്ടറിയാം. ഇപ്പോള്‍ എന്‍ഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോര്‍ട്ട് വന്നശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

എന്തും പറയാന്‍ നാക്കിന് ശക്തിയുള്ള ചിലരുണ്ട്. അവരാണ് കെ.ടി ജലീലിനെതിരായ ആരോപണത്തിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സംഭാഷണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് ശിവശങ്കര്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ അദ്ധേഹത്തെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ ടി ജലീലിനെ ഫോണില്‍ വിളിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ജലീല്‍ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി ചോദിച്ചു.