സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നു. എയര്‍ കാര്‍ഗോ കമ്മിഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നതാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും സര്‍ക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പുറത്തായി. ഉന്നത വിദ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരുമായി സ്വപ്ന നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും കോള്‍ ലിസ്റ്റ് വ്യക്തമാക്കുന്നു. മന്ത്രി ജലീലിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന. ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.