ഫൈസല്‍ ഫരീദിനായി എന്‍ഐഎയുടെ ജാമ്യമില്ലാ വാറണ്ട്

സ്വര്‍ണക്കടത്ത് കേസില്‍ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഫൈസല്‍ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോണ്‍സുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്റെ മേല്‍വിലാസം ലഭിച്ചതെന്നും എന്‍ഐഎ അറിയിച്ചു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം അയച്ചത് തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസലിന്റെ മേല്‍വിലാസത്തിലാണ്.

സ്വര്‍ണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോണ്‍സുലേറ്റ് എന്‍ഐഎക്ക് കൈമാറി. കസ്റ്റംസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതെന്നും എന്‍ഐഎ. ഇക്കാര്യങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചു.ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും.എന്‍ഐഎ കോടതി ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ അറിയിച്ചു.

എന്‍ഐഎ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടീസ് അയയ്ക്കും. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും.