സ്വപ്നക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി
സ്വപ്ന സുരേഷിനെതിരായ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതാണ് എന്ന് കണ്ടെത്തല്‍. രണ്ടു മാസം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പരിശോധന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.
രഹസ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ ചുമതലപ്പെട്ട സ്‌പെഷല്‍ ബ്രാഞ്ച് അതില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് തങ്ങളുടെ ചുമതല നിര്‍വഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങള്‍ രണ്ടുമാസം മുന്‍പേ സ്‌പെഷല്‍ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സര്‍ക്കാരിനെ എങ്ങനെ ബാധിക്കും എന്നതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് . എന്നാല്‍ സുപ്രധാനമായ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പ് ആരോ ഇടപെട്ട് തഞ്ഞെന്നു വ്യക്തം. അത് ആരാണെന്ന അന്വേഷണമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത് .
എല്ലാം തന്റെ നിയന്ത്രണത്തില്‍ എന്ന് കരുതിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനേറ്റ വലിയ തിരിച്ചടിയായിരുന്നു സ്വര്‍ണക്കടത്ത് കേസില്‍ തന്റെ ഓഫീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍. അതുകൊണ്ടു തന്നെ വീഴ്ച വരുത്തിയവര്‍ക്കെതിരേ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നതായാണ് സൂചന. അതിന്റെ ഭാഗമായ മാറ്റങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാകും. അതേസമയം സംഭവത്തില്‍ കൂടുതല്‍ ഉന്നതന്മാര്‍ വരും ദിവസങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് എന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍.