തിരുവനന്തപുരത്ത് രാമചന്ദ്രന്‍ വ്യാപാര ശാലയില്‍ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രനിലെ 63 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാല്‍ ജീവനക്കാര്‍ നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇത്തരത്തില്‍ ഒരുമിച്ച് താമസിക്കുന്ന ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ജില്ലയില്‍ 157 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 7 പേരുടെയും ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം നഗരത്തില്‍ രോഗികളുടെ എണ്ണം കൂടുന്നത് കൊണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനമായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്സ്‌കും കണ്‍വന്‍ഷന്‍ സെന്ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് ഇത് സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയാറാക്കുന്നത്. 500 മുതല്‍ 750 പേരെവരെ ഒരെസമയം ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.