കൊറോണ ചത്തു ; സര്‍ക്കാര്‍ പരീക്ഷ നടത്തി കൊന്നു
മൂക്കന്‍
“സന്തോഷം” നല്‍കുന്ന ഒരു വാര്‍ത്തയാണ്. കൊറോണ ചത്തു, സര്‍ക്കാര്‍ പരീക്ഷ നടത്തി കൊറോണയെ ഞെരുക്കി കൊന്നു. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. സൂപ്പര്‍ സ്‌പ്രെഡ് എന്ന് മുഖ്യമന്ത്രി തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു പറഞ്ഞത്. കഴിഞ്ഞ പത്തുദിവസമായി തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. എന്നിട്ടും ദിനംപ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്.
പ്രവാസികള്‍ ആണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം എന്ന് പറഞ്ഞ സര്‍ക്കാരിനു അത് മാറ്റി പറയേണ്ടി വന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍. ഇന്ന് മാത്രം 722 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ കണക്ക് അനുസരിച്ചു 300-ല്‍ കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം കൂടുന്നത് കണ്ടു ഭീതിലായ ജനങ്ങള്‍ക്ക് വീണ്ടും ഷോക്ക് നല്‍കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു സ്‌കൂളിനു മുന്നിലെ ആള്‍ക്കൂട്ടം ആണ് ചിത്രത്തില്‍. ഈ ആള്‍ക്കൂട്ടം സ്‌പോണ്‌സര്‍ ചെയ്തത് നമ്മുടെ കേരള സര്‍ക്കാരും. എന്തൊക്കെ സംഭവിച്ചാലും പരീക്ഷകള്‍ നടത്തണം എന്ന വാശിയുള്ള ലോകത്തിലെ ഏക സര്‍ക്കാര്‍ ആകും നമ്മുടേത്. പത്താംക്ലാസ് പരീക്ഷ നടന്നപ്പോള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല പ്രത്യേകിച്ച് തിരുവനന്തപുരത്ത്. കേരളത്തിലെ പല ഭാഗത്തായി ഇന്ന് നടന്ന കെഇഎഎം എന്ട്രന്‍സ് പരീക്ഷയുടെ ഫലമാണ് ഈ കാണുന്ന ചിത്രം. പരീക്ഷ കഴിഞ്ഞു വരുന്ന കുട്ടികളെ കാത്ത് നില്‍ക്കുന്ന മാതാപിതാക്കള്‍ ആണ് ചിത്രത്തില്‍. ഇത്രയൊക്കെയായിട്ടും പരീക്ഷകള്‍ മാറ്റി വെക്കാനോ മറ്റു സംവിധാങ്ങള്‍ ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യറാകാത്തത് എന്താണ് എന്ന് പലര്‍ക്കും മനസിലാകുന്നില്ല.
ജീവന്‍ അപകടത്തിലാക്കിയാണ് എല്ലാവരും ഇത്തരം പരീക്ഷകള്‍ക്ക് എത്തുന്നത് എന്ന് കൂടി അധികൃതര്‍ ഓര്‍ത്താല്‍ നല്ലത്. കുട്ടികളുടെ ഭാവി മാത്രം മുന്നില്‍ ഉള്ള മാതാപിതാക്കള്‍ പലരും ഇന്ന് ഇവിടെ എത്താന്‍ നിര്‍ബന്ധിതര്‍ ആവുകയായിരുന്നു എന്നതാണ് സത്യം. സമരങ്ങള്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അഞ്ചുപേര്‍ പോലും ഒരുമിച്ചു പാടില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പ്രസംഗിക്കുന്ന സര്‍ക്കാറിന് കേരളത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലും ബിവറേജ് ഔട്‌ലെറ്റുകളിലും സര്‍ക്കാരിന് താല്പര്യമുള്ള കേന്ദ്രങ്ങളിലും താന്‍ വരില്ല എന്ന് കൊറോണ എഴുതി ഒപ്പിട്ടു നല്‍കിയിട്ടുണ്ട് എന്നായിരിക്കും ഒരുപക്ഷെ നിലപാട്.