സ്വര്‍ണ്ണക്കടത്ത് ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഫൈസല്‍ ഫരീദിന് യു.എ.ഇയില്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാകും. യു.എ.ഇയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും അടയും.
കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നു. താനല്ല പ്രതി എന്ന് കാട്ടി പല ചാനലുകള്‍ക്കും അഭിമുഖം വരെ ഇയ്യാള്‍ നല്‍കിയിരുന്നു.
ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗില് സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.