എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍
വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍. മുന്‍ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കാണിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്.പ്രതികളുമായി ശിവശങ്കറിനുള്ള അടുപ്പവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് പിന്നാലെയാണ് നടപടി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കറുമായുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും ശിവശങ്കറിനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് വരെട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. തന്റെ വിശ്വസ്തനെ സര്‍വ്വീസില്‍ നിന്നും മാറ്റുന്നത് മുഖ്യമന്ത്രിക്ക് ക്ഷീണം വരുത്തുന്ന കാര്യമാണ്. അതേസമയം മുഖ്യമന്ത്രി ശിവശങ്കരനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് അകത്ത് തന്നെ മുറുമുറുപ്പിനു കാരണമയിക്കഴിഞ്ഞു.