ക്യാമറ ഭ്രാന്ത് ; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍

ക്യാമറകളോടുള്ള അതിയായ ആരാധനമൂത്ത് ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് വാര്‍ത്തകളില്‍ താരമായിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫര്‍. കര്‍ണാടക സ്വദേശിയായ രവി ഹോംഗലിന് ഫോട്ടോഗ്രഫി തന്റെ പ്രൊഫഷന്‍ മാത്രമല്ല, ജീവശ്വാസം കൂടിയാണ്. കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയിലാണ് രവിയുടെ വീട്. കഴിഞ്ഞ 33 വര്‍ഷമായി ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയാണ് രവി. 49കാരനായ രവിയുടെ സ്വപ്നമായിരുന്നു ക്യാമറ രൂപത്തില്‍ ഒരു വീട്. അടുത്തിടെയാണ് ആ സ്വപ്നം സാക്ഷാത്ക്കരിച്ചത്.

വീടിന്റെ മറ്റൊരു പ്രത്യകത ഇതിന്റെ അകവും പുറവുമെല്ലാം ക്യാമറയുമായി ബന്ധപ്പെട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നതാണ്. ഒരു വലിയ ക്യാമറ വച്ചിരിക്കുന്നത് പോലെയാണ് വീട് കണ്ടാല്‍ തോന്നുക. പ്രമുഖ ക്യാമറ കമ്പനികളായ കാനന്‍, നിക്കോണ്‍, എപ്‌സണ്‍ എന്നിവയുടെ പേരുകളും ചുവരുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

വീട് കാണാന്‍ ഏറെ കൗതുകമു ണര്‍ത്തുമെങ്കിലും ‘ക്യാമറ വീട്’ നിര്‍മ്മിക്കല്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ‘ഫോട്ടോഗ്രഫിയെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ഞാനിഷ്ടപ്പെടുന്നു. കാലങ്ങള്‍ കഴിഞ്ഞെങ്കിലും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ക്യാമറ പോലെ തോന്നിക്കുന്ന ഒരു വീട് പണിയുകയെന്നത് എന്റെ ദീര്‍ഘകാല സ്വപ്നമായിരുന്നു, പക്ഷേ അത് എങ്ങനെ നിര്‍മ്മിക്കണമെന്ന് എനിക്കറിയില്ലായിരുന്നു, ആശയം നടപ്പിലാക്കുന്നതിലും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടായിരുന്നു’, രവി പറഞ്ഞു. വര്‍ഷങ്ങളെടുത്തു തന്റെ സ്വപനം സഫലമാകാന്‍. ആര്‍കിടെക്റ്റുകളും എഞ്ചിനീയര്‍മാരും അതിന് സഹായിച്ചു, രവി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ആ പ്രദേശത്ത് മുഴുവന്‍ കൗതുകമായി മാറിയിരിക്കുകയാണ് രവിയുടെ വീട്. സെല്‍ഫി എടുക്കാനും കാണാനുമൊക്കെയായി ആളുകള്‍ ഇവിടെയെത്താറുണ്ട്. കൂടാതെ വീടിന്റെ Night View വളരെയേറെ ആകര്‍ഷണീയമാണ്. വീടിന് മാത്രമല്ല. ഇവരുടെ കുട്ടികളുടെ പേരിനുമുണ്ട് പ്രത്യേകത. കാനോണ്‍, എപ്സണ്‍, നിക്കോണ്‍ എന്നിങ്ങനെയാണ് ഇവര്‍ കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. വീടിന്റെ പേരാകട്ടെ ‘ക്ലിക്ക്’ എന്നും. ഒരു ഭീമന്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ രൂപത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മൂന്നു നിലകളിലായുള്ള വീട് സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ ശാസ്ത്രിനഗറിലാണ്.

വീടിന്റെ മുന്‍പിലുള്ള ഗ്ലാസ് ജനല്‍ നിര്‍മിച്ചിരിക്കുന്നത് ലെന്‍സിന്റെ രൂപത്തിലാണ്. വീടിന്റെ ഭിത്തികളിലും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള ഗ്രാഫിക്സുകള്‍ നല്‍കിയിട്ടുണ്ട്. 1986 മുതലാണ് താന്‍ ഫോട്ടോഗ്രഫി തുടങ്ങിയതെന്ന് രവി പറയുന്നു. ഈ വീട് ഒരു സ്വപ്നമായിരുന്നു. ക്യാമറകളോട് ഭയങ്കര ഇഷ്ടമാണ്. അതിനാലാണ് കുട്ടികള്‍ക്ക് ക്യാമറയുടെ പേര് നല്‍കിയതെന്നും രവി പറയുന്നു.

വിശാലമായ ഫിലിം സ്ട്രിപ്പ്, മെമ്മറി കാര്‍ഡ് എന്നിവയുടെ രൂപങ്ങളും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ക്യാമറയ്ക്കുള്ളില്‍ കഴിയുന്നത് പോലെയാണ് തങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നും രവി കൂട്ടിച്ചേര്‍ത്തു.