IPL 2020 ഇന്ത്യന്‍ ഇല്ല ; UAEയില്‍

IPL 2020 UAEയില്‍ തന്നെയാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ സീസണ്‍ ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍പ് പുറത്തുവന്ന സൂചനകള്‍ ശരിയെന്നു സ്ഥാപിക്കുംവിധം UAEയില്‍ ആയിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക.സെപ്റ്റംബര്‍ 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 6 നായിരിക്കും. വിശദമായ ഫിക്സ്ചര്‍ ആഗസ്റ്റ് ആദ്യവാരം പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍, ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടതും UAEയ്ക്കായിരുന്നു. ടൂര്‍ണമെന്റിനു വേദിയാവാന്‍ നേരത്തേ സന്നദ്ധത അറിയിച്ച രാജ്യങ്ങളിനൊന്ന് കൂടിയാണ് UAE.

IPL ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് സൂചന. അഞ്ചാഴ്ച നീളുന്നതായിരിക്കും പരിശീലന ക്യാമ്പ്. ഇത് കഴിയുന്നതിനു പിന്നാലെ IPL ആരംഭിക്കുകയും ചെയ്യും. ക്യാമ്പ് അവസാനിച്ച ശേഷം താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരും. തുടര്‍ന്നായിരിക്കും ഫ്രാഞ്ചൈസികള്‍ ടൂര്‍ണമന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്.

അതേസമയം, ഇതാദ്യമായല്ല IPL യുഎഇയില്‍ നടക്കാന്‍ പോവുന്നത്. 2014ലെ ടൂര്‍ണമന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. രാജ്യത്തു പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനെ തുടര്‍ന്നായിരുന്നു ഇത്. അന്നു ഷാര്‍ജ, അബുദാബി, ദുബായ് എന്നീവിടങ്ങളിലായിരുന്നു മല്‍സരങ്ങള്‍. IPL നെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് UAE. ഐപിഎല്ലിനു വേണ്ടി വിക്കറ്റ് ഫ്രഷാക്കി വയ്ക്കുന്നതിന് ഇവിടെ ഇപ്പോള്‍ മല്‍സരങ്ങളും നടത്തുന്നില്ലെന്നു ദുബായ് സ്പോര്‍ട്സ് സിറ്റിയുടെ ക്രിക്കറ്റ് ഇവന്റ് മേധാവി സല്‍മാന്‍ ഹനീഫ് വ്യക്തമാക്കി.

മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു IPL നടക്കാനിരുന്നത്. എന്നാല്‍ കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി BCCI പ്രഖ്യാപിക്കുകയായിരുന്നു. രോഗത്തിന് ശമനം ഉണ്ടാക്കാത്തതിനാല്‍ ആണ് വേദി മാറ്റുവാന്‍ തീരുമാനമായത്.