സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റി : കോടിയേരി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയിട്ടുള്ള സ്വര്‍ണം ഒരു ഡിപ്ലമാറ്റിക് പാഴ്സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരില്‍ വന്നിട്ടുള്ള പാഴ്സലിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആ സ്വര്‍ണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നു.
വിമാനത്താവളങ്ങളില്‍ പലപ്പോഴും എത്തുന്ന സ്വര്‍ണങ്ങള്‍ പിടിക്കപ്പെടാതെ പോകുന്ന സാഹചര്യം ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ , ഡിപ്ലമാറ്റിക് പാഴ്സലില്‍ വന്ന സ്വര്‍ണം പിടികൂടിയ നടപടിയെ തുടര്‍ന്നാണ് കസ്റ്റംസ് മാത്രം ഈ കേസ് അന്വേഷിച്ചാല്‍ പോരെന്നും എന്‍ഐഎ കൂടി ഈ കേസ് അന്വേഷിക്കണമെന്ന് തൂരുമാനത്തിലെത്തുന്നത്. ഇത്തരം കേസുകള്‍ എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പറ്റുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎയ്ക്ക് വിപുലമായ അധികാരം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കേസില്‍ പഴുതടതച്ച ഒരന്വേഷണത്തിനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തരത്തില്‍ വരുന്ന സ്വര്‍ണം ഏതെല്ലാം കാര്യങ്ങള്‍ക്കാണ് പോകുന്നതെന്ന് സമഗ്ര പരിശോധനയ്ക്കും സഹായകമാകുന്ന അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല. അതുകൊണ്ടാണ് കസ്റ്റംസ് അന്വേഷിക്കുന്ന ഈ കേസില്‍ വേറെ ഏത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്നും കൊടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞു. യുക്തമായ ഏജന്‍സിയെകൊണ്ട് കേസ് അന്വേഷിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്.
എന്നാല്‍. ഈ കേസില്‍ അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ സിപിഐഎമ്മിനും ഗവണ്‍മെന്റിനും എതിരായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. നിലവില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന സമരങ്ങള്‍ സിപിഐഎമ്മിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പ്രശ്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തന്നെ എം ശിവശങ്കരനെ സര്‍വീസില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ല.
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സോളാര്‍ കേസ് പൊലെയാണ് ഈ കേസും എന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. സോളാര്‍ കേസില്‍ ആരോപണ വിധേയന്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ല, ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി ഗൃഹ സന്ദര്‍ശനം നടത്താനും കാര്യങ്ങള്‍ വിശദീകരിക്കാനുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.