‘പി നള്‍’ രക്തം അനുഷ്‌കമോളെ തേടിയെത്തിയത് മഹാരാഷ്ട്രയില്‍ നിന്ന്

ദിവസങ്ങള്‍ക്ക് മുന്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു സന്ദേശമാണ് ‘പി നള്‍’ എന്ന ബ്ലഡ് ഗ്രൂപ്പില്‍ ഉള്ള ബ്ലഡ് അത്യാവശ്യമായി വേണം എന്ന്. മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് അത്തരത്തില്‍ ഒരു സന്ദേശം തയ്യാറാക്കിയത്.

മലപ്പുറം സ്വദേശികളാണെങ്കിലും ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയവരാണ് അനുഷ്‌കയുടെ മാതാപിതാക്കള്‍. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് അനുഷ്‌കയുടെ തലയ്ക്ക് സാരമായി പരുക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചു. ചികിത്സയുടെ ആദ്യഘട്ടമായി കുഞ്ഞിന് ചെറിയ ശസ്ത്രക്രിയ നടത്തി. പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇതിനായാണ് ‘പി നള്‍’ രക്തം ആവശ്യമായിട്ടുള്ളത്.

ജൂലൈ 8നാണ് ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ ബിജുവിന്റെ ഫേസ്ബുക്ക് വോളില്‍ ‘പി നള്‍’ രക്തത്തിനായുള്ള പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. മിനിറ്റുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ കൈകോര്‍ത്തു. ഫേസ്ബുക്കിലും വാട്ട്സാപ്പിലുമായി നൂറുകണക്കിന് പേരാണ് പോസ്റ്റ് പങ്കുവച്ചത്.

പോസ്റ്റിട്ട് ദിവസങ്ങള്‍ക്കകം തന്നെ മുംബൈലെ ബോംബെ ആശുപത്രിയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പി നള്‍ രക്ത ഗ്രൂപ്പുള്ള വ്യക്തിയെ കണ്ടെത്തിയെന്നതായിരുന്നു ഫോണ്‍ കോളിന്റെ ഉള്ളടക്കം. തുടര്‍ന്ന് ബോംബെ ആശുപത്രി അധികൃതര്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് കുഞ്ഞിന്റെ സാമ്പിള്‍ ബോംബെ ആശുപത്രിയിലേക്ക് അയച്ചു. ഡോണറിന്റെ രക്തഗ്രൂപ്പുമായി മാച്ച് ആയതോടെ ഇദ്ദേഹത്തില്‍ നിന്ന് രക്തം അമൃത ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ഇന്ത്യയില്‍ ആകെ മൂന്ന് പേര്‍ക്ക് മാത്രമാണ് ‘പി നള്‍’ രക്തഗ്രൂപ്പ് ഉള്ളത്. ഇന്ത്യയില്‍ പി നള്‍ രക്തഗ്രൂപ്പ് കണ്ടെത്തിയത് 2018ല്‍ ആണ്. കെഎംസി മണിപ്പാലിലെ ഡോ. ഷമീ ശാസ്ത്രിയും സംഘവുമാണ് അന്നത് തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ അറിയപ്പെടുന്നതായ പി നള്‍ വ്യക്തികള്‍ അന്നത്തെ ആ രോഗിയും ഇപ്പോള്‍ ചികിത്സയിലുള്ള ഈ കുഞ്ഞും മാത്രമാണ്. എന്നാല്‍ പി നള്ളിനും ട്രാന്‍സ്ഫ്യൂഷന്‍ നടത്തണമെങ്കില്‍ എബിഒ കോംപാറ്റിബിലിറ്റി ഉണ്ടായിരിക്കണം. ഇവരുടേത് തമ്മില്‍ മാച്ചാവുന്നില്ലായിരുന്നു. ഒടുവിലാണ് മഹാരാഷ്ട്രയില്‍ നിന്ന് പി നള്‍ ഗ്രൂപ്പുള്ള, കുട്ടിയുടെ രക്തവുമായി മാച്ച് ചെയ്യുന്ന വ്യക്തിയെ കണ്ടെത്തുന്നത്.

അമൃത ആശുപത്രിയിലെ കുഞ്ഞിന് പി നള്‍ രക്ത ഗ്രൂപ്പ് വേണമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വ്യക്തി സ്വമേധയാ ബോംബെ ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ ബിജു കുമ്പഴ പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ വ്യക്തി ആരാണ് ന്നെത് പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് വ്യക്തിത്വം രഹസ്യമാക്കി വച്ചിരിക്കുന്നത്.