എത്ര തിലഹോമങ്ങള്‍ നടത്തിയലും മഹേശന്റെ പ്രേതം വെള്ളാപ്പിള്ളിയുടെയും തുഷാറിന്റെയും ഉറക്കം കെടുത്തും: അഡ്വ. സി.കെ വിദ്യാസാഗര്‍

തൊടുപുഴ: വെള്ളാപ്പിള്ളിയുടെ സഹായിയായ മഹേഷിന്റെ ആത്മഹത്യയില്‍ തുറന്നടിച്ചു പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ വിദ്യാസാഗര്‍. മൂന്ന് പതിറ്റാണ്ടുകാലം വിശ്വസ്ഥ ബിനാമിയായി നിന്ന് പ്രവര്‍ത്തിച്ച മഹേശിന്റെ ചുമലില്‍ എല്ലാ പണാപഹരണങ്ങളും ചാര്‍ത്തിവെച്ച് രക്ഷപെടുവാനുള്ള വെള്ളാപ്പിള്ളിയുടെയും തുഷാറിന്റെയും ശ്രമങ്ങളാണ് മേഹശന്‍ തന്റെ ആത്മഹൂതിയിലൂടെ തകര്‍ത്തുകളഞ്ഞതിന്നു അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കള്ളില്‍ കഞ്ചാവ് കലര്‍ത്തുന്ന വിദ്യയും ചാരായത്തിന് വീര്യം കൂട്ടുവാന്‍ വിഷവസ്തുക്കള്‍ കലര്‍ത്തുന്ന സാങ്കേതികതയും മഹേഷ് എന്ന ചെറുപ്പക്കാരനെ പഠിപ്പിച്ച്, അവനെ ഉപയോഗിച്ച് കോടികള്‍ സമ്പാദിച്ച വെള്ളാപ്പിള്ളിയുടെയും തുഷാറിന്റെയും ചെയ്തികള്‍ ലോകത്തോട് വിളിച്ചുപറയുവാന്‍ മഹേശനെ പ്രേരിപ്പിച്ചത് അയാളുടെ സംഘടനാ ആഭിമുഖ്യം തന്നെയാണെന്നും, മഹേശന്റെ കത്തിലൂടെ പുറത്തുവന്നിരിക്കുന്ന വെള്ളാപ്പിള്ളിമാരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മാഫിയാ സംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുവാന്‍ പോന്നതാണെന്നും അഡ്വ. വിദ്യാസാഗര്‍ ആരോപിക്കുന്നു.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പിള്ളിക്കും തുഷാറിനുമെതിരെ കേസെടുത്ത് ജയിലിലടക്കണം. അറബിയുടെ ജയിലില്‍ നിന്നും രക്ഷപെട്ടതുപോലെ വഴുതിരക്ഷപ്പെടാന്‍ സാധിക്കാത്തവണ്ണം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ കേരളാ പോലീസ് തയ്യാറാകണമെന്നു അഡ്വ. വിദ്യാസാഗര്‍ ആവശ്യപ്പെട്ടു.