കുഞ്ഞുപെങ്ങളെ അക്രമാസക്തനായ നായയില്‍ നിന്നും രക്ഷിച്ച് ഹീറോ ആയി ആറുവയസുകാരന്‍

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ആറു വയസുകാരനായ ബ്രിഡ്ജര്‍ വാക്കര്‍. അക്രമാസക്തനായ നായയില്‍ നിന്ന് തന്റെ കുഞ്ഞ് സഹോദരിയെ രക്ഷിച്ചാണ് ബ്രിഡ്ജര്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നത്. യുഎസിലെ വ്യോമിംഗ് നിവാസിയാണ് ഈ പുതിയ സൂപ്പര്‍ ഹീറോ. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ തന്റെ നാലുവയസുകാരിയായ സഹോദരിയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് മാറി നില്‍ക്കാന്‍ ബ്രിഡ്ജര്‍ തയ്യാറായില്ല. മറിച്ച് സഹോദരിക്ക് കവചമായി ധൈര്യപൂര്‍വ്വം നായയെ നേരിട്ടു. ആക്രമണത്തില്‍ ബ്രിഡ്ജറിന് സാരമായി തന്നെ പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവില്‍ 90 സ്റ്റിച്ചുകളാണ് അവന്റെ കുഞ്ഞു മുഖത്തെ മുറിവിന് വേണ്ടി വന്നത്.

ആരെങ്കിലും മരിക്കേണ്ടി വന്നാല്‍ അത് താനായിരിക്കണം’ എന്നായിരുന്നു എന്തിനാണ് നായയുടെ മുന്നിലേക്കെടുത്ത് ചാടിയതെന്ന് പിതാവ് ചോദിച്ചപ്പോള്‍ ഈ കുരുന്ന് മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ബ്രിഡ്ജറിന്റെ കഥ ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടി.

ഇന്റര്‍നെറ്റിലെ ഈ പുതിയ സൂപ്പര്‍ ഹീറോയെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ അവഞ്ചേഴ്‌സിലെ സൂപ്പര്‍ ഹീറോകളായ ‘ക്യാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സ്’തോര്‍’ ക്രിസ് ഹാംസ്വര്‍ത്ത് ‘അയണ്‍മാന്‍’ റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരും ഉള്‍പ്പെടുന്നു… ബ്രിഡ്ജറിനെയും കുടുംബത്തെയും ഓര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു എന്നാണ് കുരുന്നിന്റെ ധൈര്യത്തെ അഭിനന്ദിച്ച പ്രത്യേക സന്ദേശത്തില്‍ ക്രിസ് ഇവാന്‍സ് അറിയിച്ചത്.അതുപോലെ ധാരാളം പ്രമുഖര്‍ കുഞ്ഞു ഹീറോക്ക് അഭിനന്ദനം അര്‍പ്പിച്ചു മുന്നോട്ടു വരികയാണ് ഇപ്പോള്‍.