ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഉപേക്ഷിക്കും
ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഉപേക്ഷിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകസ്ഥാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നത്. പ്രമുഖ സംവിധായകന്‍ സുകുമാര്‍ ആണ് ലൂസിഫര്‍ തെലുങ്ക് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അത് പിന്നീട് സാഹോ സംവിധായകനിലേക്ക് എത്തുകയായിരുന്നു. സാഹോ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ സുജീത്താണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഒരുക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മറ്റൊരു ചിത്രത്തിന് ശേഷം ചിരഞ്ജീവി ലൂസിഫര്‍ റീമേക്കിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാലിപ്പോള്‍ ലൂസിഫര്‍ റീമേക്ക് ഉപേക്ഷിച്ചെന്ന തരത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ സൂജിത് നല്‍കിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലെന്നാണ് തെലുങ്ക് മാധ്യമമായ തെലുഗു 360 പറയുന്നത്. സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ആരാധകരെ വേദനിപ്പിക്കുന്ന തരത്തിലുളളതാണ് ഈ വാര്‍ത്ത. അതേസമയം സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും സംവിധായകനെ മാറ്റുകയാണ് ഉണ്ടായതെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂജിത്തിന് പകരം സംവിധായകന്‍ വിവി വിനായക് ലൂസിഫര്‍ റീമേക്കില്‍ വരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമ മോളിവുഡിലെ സകല ബോക്സോഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച സിനിമയായിരുന്നു.