593 പേര്‍ക്കുകൂടി കോവിഡ് ; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 364 പേര്‍ക്കു ; രണ്ടുമരണം

ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് അരുണ്‍ദാസ്, ബാബുരാജ് എന്നിവരാണ് മരിച്ചത്.

സമ്പര്‍ക്കത്തിലൂടെ വ്യാപനം 60 ശതമാനത്തില്‍ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതല്‍. നിരവധി ജില്ലകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. മേയ് നാല് വരെ 499 രോഗികളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ആ സമയം വരെ മൂന്നു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് 1053 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്‌സ്‌പോട്ടുകള്‍ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തില്‍ എത്തി.