വിവാദമൊഴിയാതെ പാലത്തായി പീഡനം ; സര്‍ക്കാരും പ്രതിക്കൂട്ടില്‍
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പാലത്തായി പീഡനക്കേസ്. ജാമ്യത്തെ ചൊല്ലി സര്‍ക്കാരിനു എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. എന്നാല്‍ ഒന്നും അറിയാത്ത മട്ടിലാണ് സര്‍ക്കാരിന്റെ ഭാവം. പോലീസ് ഭാഗികമായ കുറ്റം പത്രം സമര്‍പ്പിച്ചതാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണമായത് എങ്കിലും കോടതിയാണ് ജാമ്യം അനുവദിച്ചത് എന്ന നിലപാടില്‍ ആണ് സര്‍ക്കാരും സിപിഎമ്മും. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ ടീച്ചര്‍ ഇതുവരെ പ്രതികരിക്കാത്തത് സ്ഥലത്തെ പാര്‍ട്ടി അനുഭാവികളില്‍ തന്നെ മുറുമുറുപ്പിന് കാരണമായി കഴിഞ്ഞു.
ഇതിനു പിന്നാലെയാണ് പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്ന ശബ്ദസന്ദേശം പുറത്തു വരുന്നത്. ശബ്ദസന്ദേശത്തിനെതിരെ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. പരാതിക്കാരിയായ വിദ്യാര്‍ഥിനി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥന്‍ തന്നെ ഈ വിവരങ്ങള്‍ പങ്കുവെക്കുന്നത്. സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്. പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍ഥിക്കുന്ന രീതിയിലാണ് ശബ്ദസന്ദേശമുള്ളത്.
പീഡിപ്പിക്കപ്പെട്ടതായി ഇര പറഞ്ഞ ദിവസങ്ങളില്‍ പ്രതി കോഴിക്കോട്ടായിരുന്നു എന്നതും പീഡനം നടന്ന സ്‌കൂളിലെ ബാത്ത് റൂമിന് കൊളുത്തുണ്ടായിരുന്നില്ല എന്നതുമടക്കമുള്ള ഘടകങ്ങളാണ് പ്രതിക്കെതിരേ പോക്സോ ചുമത്താത്തതെന്നാണ് വിശദീകരണം. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ അറിയിച്ച കേസില്‍ തുടര്‍നടപടികളെ അട്ടിമറിക്കുന്നതാണ് പ്രചരിക്കുന്ന സംഭാഷണത്തിലെ പരാമര്‍ശങ്ങളെല്ലാം.