ഫിറോസ് കുന്നംപറമ്പിലിന്റെ ചികിത്സാ ധന സഹായ വിതരണത്തെക്കുറിച്ച് പോലീസ് അന്വേഷണം
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ ചികിത്സാ ധന സഹായ വിതരണത്തെക്കുറിച്ച് കേരളാ പോലീസ് അന്വേഷിക്കും. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ സ്വദേശി വര്‍ഷയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഫിറോസ് കുന്നംപറമ്പില്‍ അടക്കം ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടെയും മുന്‍ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വന്നത് കൊണ്ട് ഹവാലായെന്നു സംശയിക്കുന്നില്ല. അതേസമയം പണം രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു എന്നത് ശരിയാണോ എന്നും പണം നല്‍കിയത് ആരെല്ലാമെന്നും അന്വേഷിക്കും. ആരുടെയെങ്കിലും അക്കൗണ്ടിലേക്കു പണം മാറ്റാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയോ എന്നതും എന്തെങ്കിലും ധാരണ പിരിവിനു മുന്‍പ് ഉണ്ടാക്കിയിരുന്നുവോ എന്നും അന്വേഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വര്‍ഷയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറോസ് ഒഴികെ മറ്റുള്ളവരുടെ മൊഴി എടുത്തിരുന്നു. ഫിറോസിനെയും ഉടന്‍ വിളിച്ചു വരുത്തും. ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ വര്‍ഷയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അന്വേഷണം നടത്തുന്നുണ്ട്. ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയും എത്തി.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായാണ് പരാതി. ചികിത്സ കഴിയാതെ ബാക്കി പണം നല്‍കാനാവില്ലെന്ന് വര്‍ഷ പറഞ്ഞതോടെ ഇവര്‍ നിരന്തരം ഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഫിറോസിനെ അനുകൂലിച്ചു ധാരാളം പേര്‍ രംഗത്ത് വരികയാണ് ഇപ്പോള്‍. ഏത് അന്വേഷണത്തിനെയും സ്വാഗതം ചെയ്യുന്നു എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു.