സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തിരുവനന്തപുരത്തെത്തിച്ചു

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. പി.ടി.പി നഗറിലെ ശാസ്തമംഗലത്തെയും വാടക വീടുകളില്‍ എന്‍.ഐ.എ സംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചിയില്‍ നിന്നും ഇരുവരെയും തിരുവനന്തപുരത്തെത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രതികളെ എത്തിച്ച് എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തി.

സന്ദീപ് നായരുമായി അന്വേഷണ സംഘം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റിന് മുന്നിലെത്തി. തുടര്‍ന്ന് ശാസ്തമംഗലത്തെ ഫ്‌ലാറ്റിലുമെത്തി. എന്നാല്‍ പ്രതിയെ ഇറക്കി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നാണ് സൂചന. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് വാഹനം കയറ്റി പത്ത് മിനിട്ടിന് ശേഷം പുറത്തേക്ക് വരുകയായിരുന്നു. ഇവിടെയാണ് എം ശിവശങ്കറും വാടകയ്ക്ക് ഫ്‌ലാറ്റെടുത്തിരിക്കുന്നത്.

സ്വപ്നയെ മറ്റൊരു വാഹനത്തിലാണ് നഗരത്തില്‍ എത്തിച്ചതെന്നാണ് വിവരം. സന്ദീപ് നായരെ എത്തിക്കുന്നതിന് മുന്‍പ് ശാസ്തമംഗലത്തെ ഫ്‌ലാറ്റില്‍ സ്വപ്നയെ എത്തിച്ച് തെളിവെടുത്തതായി നാട്ടുകാര്‍ വ്യക്തമാകുന്നു. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി. ദീര്‍ഘകാലമായി ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം എം ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തേക്കും.