ഇന്ത്യയുടെ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ; പരീക്ഷണം നാളെ മുതല്‍

കൊറോണ വൈറസിനെതിരെ ശുഭവാര്‍ത്തയാണ് രാജ്യത്ത് നിന്നും കേള്‍ക്കുന്നത്. കൊറോണക്ക് എതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി എയിംസ് എത്തിക്കല്‍ കമ്മറ്റി നല്‍കി. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ശ്രമിക്കുന്നത്. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഐ.സി.എം.ആര്‍ തെരഞ്ഞെടുത്ത 12 കേന്ദ്രങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്സിന്‍ പരീക്ഷിക്കുക. ഇതില്‍ നൂറുപേര്‍ എയിംസില്‍നിന്നു തന്നെ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. കോമോര്‍ബിഡ് അവസ്ഥകളില്ലാത്ത കൊവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ട്രയലില്‍ പങ്കെടുക്കാം. 18 വയസ്സിനു മുകളിലും 55 വയസ്സിന് താഴെയുമായിരിക്കണം പ്രായം’, എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ പ്രക്രിയ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഡോ സഞ്ജയ് റായ് അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് Ctaiims.covid19@gmail.com എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം.