ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാര്‍ക്ക് കോവിഡ് ; ഗുരുതര പ്രതിസന്ധിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം കോവിഡ് ജോലി ചെയ്യാത്ത ജീവനക്കാര്‍ക്കാണ് കൂടുതലും രോഗബാധ കണ്ടെത്തിയത് എന്നുള്ളത് ഭീതി വര്‍ധിപ്പിക്കുന്നു.

ഏഴ് ഡോക്ടര്‍മാര്‍ രെണ്ട് സ്റ്റാഫ് നഴ്‌സ് 5 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെയാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലായ 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തിലായി. നിരവധി ജീവനക്കാരുടെ പരിശോധനാഫലം ഇന്നും നാളെയുമായി പുറത്തു വരും. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തില്‍ പോകേണ്ടവരുടെ എണ്ണവും വര്‍ദ്ധിക്കും.

ഇത് മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യാത്തവര്‍ക്കാണ് കൂടുതലും രോഗബാധ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് വാര്‍ഡില്‍ ഉള്ളവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി ഏഴുദിവസം ആക്കുകയും അവരെ ജനറല്‍ വാര്‍ഡുകളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തത് രോഗബാധ വര്‍ദ്ധിക്കുന്നതിന് കാരണം ആയിട്ടുണ്ട് എന്നാണ് സൂചന. മെഡിക്കല്‍ കോളജിന് ആകെ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കുകയോ മറ്റുള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുകയോ വേണമെന്ന് ആവശ്യം ജീവനക്കാരില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ അടക്കം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് മറ്റു രോഗികള്‍ കോവിഡ് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മെഡിക്കല്‍ കോളേജിലെ സ്ഥിതി പരിഗണിച്ച് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഇടത് അനുകൂല ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.