സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായ്യിലെ മുഖ്യ കണ്ണിയായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മിച്ചെന്ന് എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു.

ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകള്‍ സംബന്ധിച്ചും എന്‍.ഐ.എ.വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവര്‍ വഴി മുന്‍പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എ.കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും. ഇതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് നാളെയോ മറ്റന്നാളോ കൊച്ചിയില്‍ എത്തിക്കും. അരുണ്‍ ബാലചന്ദ്രന്റെ ചോദ്യം ചെയ്യലും ഈ ആഴച നടക്കും.