ചൈന വിടാന്‍ തയ്യാറായി ടിക്ക് ടോക്ക് ; ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാന്‍ ആലോചന
ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ ആപ്പ് ആയ ടിക്ക് ടോക്ക് ചൈന വിടാന്‍ തയ്യാറാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റുവാന്‍ ആണ് തീരുമാനം. ചൈനീസ് ബന്ധം പലയിടങ്ങളില്‍ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിലാണ് ആസ്ഥാനം ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് മാറ്റാന്‍ ടിക്ക്ടോക്ക് ആലോചിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ മറ്റ് ചില സ്ഥലങ്ങള്‍ കൂടി കമ്പനിയുടെ പരിഗണയിലുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടുത്തിടെ പുറത്തു വന്നിരുന്നു.
ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടിക്ക്‌ടോക്ക് പലപ്പോഴും കുരുക്കില്‍ പെട്ടിരുന്നു. ഉപഭോക്താക്കളുടെ ഡേറ്റ ചോര്‍ത്താന്‍ ചൈനീസ് ഭരണകൂടം ടിക്ക്ടോക്കിനെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ആപ്പ് നിരോധിച്ചത്. അമേരിക്കയും ഇതേ പാതയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് പിടിച്ചു നിര്‍ത്താന്‍ ടിക്ക്ടോക്ക് കളം മാറുന്നത്. ഇതിന് ആദ്യ പടിയായി മുന്‍ വാള്‍ട്ട് ഡിസ്‌നി കോ എക്‌സിക്യൂട്ടിവ് ആയിരുന്ന കെവിന്‍ മേയറിനെ ടിക്ക്ടോക്ക് ചീഫ് എക്‌സിക്യൂട്ടിവ് ആയി നിയമിച്ചിരുന്നു.
ജൂണ്‍ അവസാന വാരമാണ് ഇന്ത്യ ടിക്ക്‌ടോക്ക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകള്‍ നിരോധിച്ചത്. ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ അടക്കമുള്ള വേര്‍ഷനുകള്‍ക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.