കൊറോണ ബാധിതന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ കാട്ടിക്കൂട്ടിയത്

ജംഷഡ്പൂരിലെ പര്‍സുധി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹലുദ്‌ബോനിയിലാണ് സംഭവം.കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുടെ വീട്ടിലാണ് കള്ളന്മാര്‍ കയറി ഗംഭീര സദ്യയുണ്ടാക്കി കഴിച്ചിട്ട് രക്ഷപ്പെട്ടത്. വെറുതെ ഭക്ഷണം മാത്രം കഴിച്ച് അവരങ്ങ് പോയോ എന്നാണോ? അല്ല, 50,000 രൂപയും 50,000 രൂപ വില വരുന്ന സ്വര്‍ണവും അടിച്ചുമാറ്റിയാണ് അവര്‍ പോയത്. COVID 19 ബാധിച്ചതിനെ തുടര്‍ന്ന് ടാറ്റ മെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിയുടെ വീട്ടിലാണ് കള്ളന്‍ കയറിയത്.

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ഈ സ്ഥലത്ത് പോലീസ് നിരീക്ഷണമുണ്ടായിരുന്നു. എന്നിട്ടും, എങ്ങനെ ഇവര്‍ അകത്തുകയറിയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് താഴും താക്കോലും തകര്‍ത്ത കള്ളന്മാര്‍ അകത്തുകയറി ഭക്ഷണമുണ്ടാക്കി കഴിക്കുകയും സ്വര്‍ണവും പണവുമായി കാടന്നു കളയുകയുമായിരുന്നു. മട്ടന്‍ കറിയും, ചപ്പാത്തിയും, ചോറുമാണ് ഉണ്ടാക്കി കഴിച്ചത്. രാവിലെ വീട് വൃത്തിയാക്കനെത്തിയ ബന്ധുക്കളാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞതും പോലീസില്‍ വിവരമറിയിച്ചതും.