അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

എടത്വ: കാര്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികള്‍. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൈതമുക്ക് ജംഗ്ഷനില്‍ നടന്ന കാര്‍ അപകടത്തില്‍ മരിച്ച തലവടി നടുവിലേമുറി തണ്ണൂവേലില്‍ സുനിലിന്റ മക്കളായ മിഥുനും (22), നിമലിനും (15) ബന്ധുക്കളും നാട്ടുകാരും കണ്ണീര്‍ പ്രണാമം അര്‍പ്പിച്ചു. കോവിഡ് രോഗനിര്‍ണ്ണയത്തിന് ശേഷം ഇന്നലെ രാത്രി 7.15 ഓടെ വീട്ടിലെത്തിച്ച സഹോദരങ്ങളുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്നുമാണ് ജനങ്ങള്‍ എത്തിയത്. ഇരുവരുടേയും മൃതശരീരം കണ്ട് വിതുമ്പലടക്കാന്‍ പലരും പാടുപെട്ടു. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കാറുള്ള മിഥിനും, നിമലും ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല.

അഞ്ച് മണിക്ക് സംസ്‌കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാന്‍ വൈകിയതിനാല്‍ രാത്രി 6.45 ഓടെയാണ് മൃതദേഹവുമായി രണ്ട് ആംമ്പുലന്‍സിലായി തലവടി ഷാപ്പുപടി ജംഗ്ഷനില്‍ എത്തിയത്. ഷാപ്പുപടി മുതല്‍ വീടുവരെയുള്ള ഒന്നരകിലോമീറ്ററോളം ദൂരം മഴയേയും വകവയ്ക്കാതെയാണ് ഇരുവരുടേയും മൃതദേഹം ഒരുനോക്കു കാണാനായി ജനം റോഡിനിരുവശവും തടിച്ച് കൂടിയത്. ഇരുവരുടേയും മൃതദേഹങ്ങള്‍ 7.15 നാണ് വീട്ടിലെത്തിച്ചത്. ആദ്യം മിഥുന്റെയും രണ്ടാമത് നിമലിന്റേയും മൃതദേഹങ്ങള്‍ വീടിനുള്ളിലേക്ക് കയറ്റിയതോടെ ബന്ധുകളുടെ കൂട്ടകരച്ചില്‍ ഉയര്‍ന്നു. കണ്ട് നിന്നവരുടെ കണ്ണുകളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി. രാത്രി 8.30 നാണ് മൃതദേഹം ദഹിപ്പിക്കാനായി ചിതയിലേക്ക് എടുത്തത്. അമ്മ അര്‍ച്ചനയുടെ സഹോദര പുത്രന്‍ അഭിജിത്ത് ആണ് ചിതകള്‍ക്ക് തീ കൊളുത്തിയത്. തണ്ണുവേലില്‍ വീട്ടില്‍ സുനിലും അര്‍ച്ചനയും ഇനി തനിച്ചാണ്.

അമ്പലപ്പുഴയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരവേ ജൂലൈ 19 ന് രാവിലെ 9.30 നായിരുന്നു പച്ച കൈതമുക്ക് ജംഗ്ഷന് സമീപം വെച്ച് ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന് സമീപത്തുനിന്ന മരത്തില്‍ ഇടിച്ച് വെള്ളകെട്ടിലേക്ക് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. പിന്നീട് സംഭവസ്ഥലത്തെത്തിയ എടത്വാ പോലിസും, തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ജെസിബി ഉപയോഗിച്ച് കാര്‍ കരയ്‌ക്കെത്തിച്ചത്. കരയ്‌ക്കെത്തിയ കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരുടേയും മൃതദേഹം പുറത്തെടുത്തത്. മിഥുന്‍ ചെന്നൈയില്‍ എന്‍ഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. നിമല്‍ നീരേറ്റുപുറം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്‌ളാസ് ജയിച്ചിരുന്നു.

സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക, സാമുദായിക, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ഉള്‍പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ദീര്‍ഘ വര്‍ഷങ്ങളായി തലവടിയില്‍ സാഗര്‍ സ്റ്റുഡിയോ നടത്തി വരികയാണ് സുനില്‍.