ചിമ്പുവും തൃഷയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ പ്രണയ ഗോസിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവ താരം ആരെന്ന ചോദ്യത്തിനു ആദ്യ ഉത്തരം ചിമ്പു എന്നാകും. ഒന്നും രണ്ടും നായികനടിമാര്‍ അല്ല ചിമ്പുവിന്റെ പ്രണയജീവിതത്തില്‍ വന്നു പോയവര്‍. നയന്‍താര, ഹന്‍സിക എന്നിവരുമായി വിവാഹം പോലും ഉറപ്പിച്ച നിലയില്‍ ആയിരുന്നു കാര്യങ്ങള്‍.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില തമിഴ് മാധ്യമങ്ങളാണ് ഇരുവരും വിവാഹിതരാകുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് വിവാഹം വരെ എത്തിയ നിര്‍മാതാവ് വരുണ്‍ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.

ഫിലിം ഫെയര്‍ ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളിലും വാര്‍ത്ത എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. വിണൈ താണ്ടി വരുവായ എന്ന തെന്നിന്ത്യന്‍ ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും പങ്കുവച്ച് ആശംസ നേരുന്നവരും ഏറെയാണ്. ജെസ്സിയും കാര്‍ത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററില്‍ നിറയുന്ന കമന്റുകള്‍. എന്നാല്‍ തൃഷയുടെയോ ചിമ്പുവിന്റെയോ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല.