വീഴ്ച്ച പറ്റിയത് രക്ഷിതാക്കള്‍ക്കാണോ ഡിജിപി ?


കീം പരീക്ഷാ നടത്തിപ്പിന്റെ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയതിനാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ സമൂഹവും പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടു പോയി. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളാണ് പട്ടം സെന്റ് മേരീസ് സ്‌കൂള്‍, കോട്ടണ്‍ഹില്‍ സ്‌കൂള്‍ എന്നിവ. എക്കാലവും പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് നമ്മള്‍ കാണുന്നതാണ്, എന്നാല്‍ തിരുവനന്തപുരത്തെ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അതേ തിരക്ക് കണ്ട മലയാളികള്‍ ഞെട്ടി. പരീക്ഷയ്‌ക്കെത്തിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കും കൂടെയെത്തിയ ഒരു രക്ഷിതാവിനും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടി നിന്നു എന്ന കുറ്റത്തിന് കണ്ടാലറിയാവുന്ന 400 ഓളം രാക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നു.

രക്ഷിതാക്കളുടെ മേല്‍ കുറ്റംചാര്‍ത്തുന്ന അധികാരികള്‍ അവര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്‌തോ, ഈ കേസ് എടുത്ത സാഹചര്യം എങ്ങിനെ ഉണ്ടായി എന്നിവയാണ് ഇവിടെ പരിശോധിക്കുന്നത്. രക്ഷിതാക്കളുടെ മേല്‍ പഴിചാരി സ്വന്തം കഴിവില്ലായ്മ മറച്ചു വയ്ക്കാന്‍ ആണോ അധികാരികള്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ട് തിരക്ക് മുന്‍കൂട്ടി കണ്ട് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ല? ഇങ്ങനെ ഒരു പരീക്ഷ നടക്കുമ്പോള്‍ ഉണ്ടാകാവുന്ന തിരക്ക് എത്രമാത്രം ആണെന്ന് സാധാരണ ജനങ്ങള്‍ക്കുപോലും ബോധ്യമുള്ളതാണ്. ഒരു ഉത്സവം നടക്കുമ്പോള്‍ ഉണ്ടാകാവുന്ന തിരക്ക് പോലെയല്ല, ഇവിടെ ഓരോ പരീക്ഷാ കേന്ദ്രത്തിലും എത്രമാത്രം കുട്ടികള്‍ പരീക്ഷ എഴുതുന്നു എന്ന കൃത്യമായ കണക്ക് പരീക്ഷ നടത്തുന്ന വകുപ്പിനുണ്ട്. അത് മുന്‍കൂട്ടി കണ്ട് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിന് കൃത്യമായി കഴിയുമായിരുന്നു.

പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികളെ ഒന്നിച്ചു പരീക്ഷാ കേന്ദ്രത്തില്‍ നിന്നും പുറത്തേക്കു വിട്ടവര്‍ ആരാണ്?
സാമൂഹിക അകലം പാലിച്ച് കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയത് കൊണ്ട് മാത്രം ഉത്തരവാദിത്തം തീരുന്നില്ല. അവര്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നത് മുതല്‍ പുറത്തേക്ക് പോകുന്നത് വരെയുള്ള ക്രമീകരണങ്ങളിലും ജാഗ്രത പുലര്‍ത്തണമായിരുന്നു. പുറത്തു കുട്ടികളെ കാത്തുനിന്ന് കൂട്ടംകൂടിയ രക്ഷിതാക്കളെക്കാള്‍ ഭയാനകമായിരുന്നു പരീക്ഷ കഴിഞ്ഞ കുട്ടികള്‍ പുറത്തേക്കുവന്ന കാഴ്ച്ച. ഈ കുട്ടികളെ സമയക്രമം വച്ച് കൃത്യമായ ഇടവേളകളില്‍ പുറത്തേക്കു വിടാമായിരുന്നു.

അശാസ്ത്രീയമായും വേണ്ട മുന്‍കരുതലുകള്‍ ഒന്നും കൂടാതെയുമാണ് സര്‍ക്കാര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. രണ്ടര മണിക്കൂര്‍ ആണ് പരീക്ഷാസമയം, ഒന്നിച്ചു ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാനായി ഇതിനെ ഒരു ദിവസത്തെ തന്നെ 7-10, 11-2, 3-6 എന്നിങ്ങനെ മൂന്നു സമയക്രമം നല്‍കി നടത്താമായിരുന്നു. കുറഞ്ഞ പക്ഷം കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇവിടെ വീഴ്ച്ച പറ്റിയത് പരീക്ഷ നടത്തുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനും എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്കും ആണ് എന്നത് സ്പഷ്ടമാണ്.

എവിടെയായിരുന്നു തിരുവനന്തപുരം നഗരസഭയുടെ കരുതല്‍?
തിരുവനന്തപുരം നഗരം ലോക്ക്ഡൗണ്‍ ആയിരിക്കേ വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനോ പരീക്ഷ നടന്നാലുണ്ടാകാവുന്ന രോഗവ്യാപന സാധ്യതകളെ മുന്‍കൂട്ടി കണ്ട് അത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനോ കഴിയാത്ത നഗരസഭയ്ക്കും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല.

എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര വകുപ്പ്, നഗരസഭ എന്നിവരുടെയെല്ലാം സ്പഷ്ടമായ അനാസ്ഥ മറച്ചു വയ്ച്ചുകൊണ്ട് രക്ഷിതാക്കളുടെ മേല്‍ മാത്രം കുറ്റം ആരോപിച്ച് അവരുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഡിജിപിക്ക് അധികാരം നല്‍കിയ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഉത്തരം പറയേണ്ടതാണ്.