സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

”നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 1000 കടന്ന ദിവസമാണ് ഇന്ന്. 1038 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കില്‍ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.