കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പിതാവ് പശുവിനെ വിറ്റു
ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് വേണ്ടിയാണ് യുവാവ് പശുവിനെ വിറ്റത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. സ്മാര്‍ട്ട് ഫോണിന്റെ അഭാവത്തില്‍ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജ്വാലാമുഖിയിലെ കുല്‍ദിപ് കുമാര്‍ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങുന്നതിന് പശുവിനെ വിറ്റത്.
കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ കുട്ടികള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനായി കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നു കുല്‍ദീപ്. കുട്ടികള്‍ക്ക് പഠനം തുടരണമെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധമായും വേണമെന്ന് അധ്യാപകര്‍ പറഞ്ഞതായി കുല്‍ദീപ് പറഞ്ഞു.
തുടര്‍ന്ന് ഫോണ്‍ വാങ്ങുന്നതിനായി 6000 രൂപയ്ക്ക് ബാങ്കുകാരെയും പണം കടം കൊടുക്കുന്നവരെയും സമീപിച്ചെങ്കിലും സാമ്പത്തികസ്ഥിതി മോശമായതിനാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുല്‍ദീപ് പറഞ്ഞു. ഒടുവില്‍ തന്റെ ഏക വരുമാന മാര്‍ഗമായ പശുവിനെ 6000 രൂപയ്ക്ക് വില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതന്‍ ആകുകയായിരുന്നു. ഈ 6000 രൂപ ഉപയോഗിച്ച് കുട്ടികള്‍ക്കായി അദ്ദേഹം ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയും ചെയ്തു.
ജ്വാലാമുഖിയിലെ ഒരു മണ്‍കുടിലിലാണ് കുല്‍ദീപും ഭാര്യയും രണ്ട് മക്കളും താമസിക്കുന്നത്. അതേസമയം, തനിക്ക് ബി പി എല്‍ കാര്‍ഡ് പോലുമില്ലെന്ന് കുല്‍ദീപ് പറഞ്ഞു. സാമ്പത്തിക സഹായത്തിനായി പഞ്ചായത്തിനെ പലതവണ സമീപിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്നും കുല്‍ദീപ് വ്യക്തമാക്കി. അതേസമയം, കുല്‍ദീപ് കുമാറിന് ഉടന്‍ തന്നെ സാമ്പത്തികസഹായം നല്‍കാന്‍ ബി ഡി ഒയ്ക്കും എസ് ഡി എമ്മിനും നിര്‍ദ്ദേശം നല്‍കിയതായി ജ്വാലാമുഖി എം എല്‍ എ രമേഷ് ധാവല പറഞ്ഞു.