കുഞ്ഞു മക്കള്‍ക്ക് കോവിഡ് ബാധ വന്നാല്‍ എങ്ങനെ കണ്ടെത്താം

കോവിഡ് ഭീഷണി അപകടകരമാം വിധം നമുക്ക് അരികില്‍ എത്തിയ സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍. ഇപ്പോള്‍ ഉള്ള നില തുടര്‍ന്നാല്‍ എവിടെയും രോഗികളെ കണ്ടെത്താന്‍ കഴിയും. കോവിഡ് കാരണം മുതിര്‍ന്നവര്‍ മാത്രമല്ല നവജാത ശിശുക്കള്‍ വരെ രോഗ ബാധിതരാവുകയാണ്. മുതിര്‍ന്നവരെ സംബന്ധിച്ച് അവര്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരോട് പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രയാസകരമാണ്. കൂടാതെ കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളായ ശാരീകാസ്വസ്ഥതകള്‍ കുട്ടികള്‍ പെട്ടെന്ന് തിരിച്ചറിയണമെന്നുമില്ല.

പനി, പേശി വേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, രുചിയും മണവും നഷ്ടമാവല്‍ എന്നിവയെല്ലാമാണ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങള്‍. പക്ഷേ കുട്ടികളില്‍ ഈ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല എന്നുള്ളതും മറ്റൊരു വസ്തുതയാണ്. അതേസമയം കോവിഡ് പോസിറ്റീവായ കുട്ടികളില്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടേക്കാം. മനംപിരട്ടല്‍, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികളില്‍ കൂടുതലായി കാണുന്നുവെന്ന് ന്യൂയോര്‍ക്കിലെ ശിശുരോഗ വിദഗ്ധ ഡോ. മാര്‍ഗരറ്റ് ആല്‍ഡ്രിച്ച് പറയുന്നു. എന്നാല്‍ കോവിഡ് ലക്ഷണങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടക്കുന്നതിനാല്‍ ഇവ മാത്രമായിരിക്കും കുട്ടികളിലെ ലക്ഷണങ്ങളെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ആരോഗ്യമുള്ള കുട്ടികള്‍ക്കും സാധാരണ ഗതിയില്‍ 10 തവണ വരെയൊക്കെ വര്‍ഷത്തില്‍ ജലദോഷം വരാം. പനി, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ കുട്ടികള്‍ക്ക് അല്ലാതെ തന്നെ വരുന്നതിനാല്‍ കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

അതേസമയം, പരിധിയില്‍ കവിഞ്ഞ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചുണ്ടില്‍ നീല നിറം, ഛര്‍ദി, വയറിളക്കം, മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി എന്നിവ കുട്ടികള്‍ക്കുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ശ്വസന സംബന്ധമായ അസുഖങ്ങള്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് വേണ്ട മാര്‍ഗനിര്‍ദേശം തേടണം.

കൂടാതെ, കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. അസുഖം വരുന്നത് തങ്ങളുടെ കുറ്റമല്ലെന്ന ബോധ്യം കുട്ടികളിലുണ്ടാക്കാന്‍ ശ്രമിക്കണം. രോഗം വന്നത് അശ്രദ്ധ കൊണ്ടാണെന്ന് അവരെ കുറ്റപ്പെടുത്തിയാല്‍ അവര്‍ ചിലപ്പോള്‍ ശാരീകാസ്വസ്ഥതകള്‍ മുതിര്‍ന്നവരില്‍ നിന്ന് മറച്ചുവെച്ചേക്കും. ആര്‍ക്കും രോഗം വരാമെന്നും അതൊന്നും ആരുടെയും തെറ്റല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. അങ്ങനെയാകുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും അവര്‍ മാതാപിതാക്കളോട് പറയും.