കേരളത്തില്‍ പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്ന് ഐഎംഎ
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഫലപ്രദമാവില്ല എന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ അല്ല പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ് കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകള്‍ കണ്ടെത്തി പ്രാദേശിക ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കുകയാണ് ഫലപ്രദമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഉറവിടം മനസിലാവാത്ത രോഗികളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. ഇതു പരിഗണിച്ചാണ് ഐഎംഎ സാമൂഹ്യ വ്യാപനം ഉണ്ടായതായി ഐഎംഎ വ്യക്തമാക്കുന്നത്.
നമ്മുടെ മുന്നിലെത്തുന്ന ആരും കൊവിഡ് വാഹകരാകാം. പരിശോധനയിലൂടെ മാത്രമേ ഒരാള്‍ കൊവിഡ് വാഹകനല്ലെന്ന് പറയാന്‍ കഴിയു. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ കൊവിഡിനെ ചെറുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇതിന് മുന്‍കരുതലുകള്‍ അത്യന്താപേഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.