നിര്‍മ്മാണ ശേഷം അധികാരം പിടിച്ചെടുക്കില്ലെന്ന് മോഡി ഉറപ്പുതരണം
അയോധ്യയിലെ ആരാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനിരിക്കേ ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമി തന്റെ ട്വീറ്റിലൂടെ നരേന്ദ്രമോഡിയോട് ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചിരിക്കയാണ്.
‘രാമക്ഷേത്ര നിര്‍മ്മാണ ശേഷം ക്ഷേത്രത്തിന്റെ അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കില്ലാ എന്ന ഉറപ്പ് മോഡി നല്‍കണം. മാത്രമല്ല പ്രധാനമന്ത്രി മോഡി രാമക്ഷേത്ര ഭരണസമിതിയുടെ ചെയര്‍മാന്‍ ആകില്ല എന്നും ഉറപ്പുനല്‍കണം. ക്ഷേത്രങ്ങളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പാടില്ലാ എന്ന നിലപാടാണ് ബിജെപി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിന് വിരുദ്ധമായാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ചാര്‍ ധാമുകളുടെയും 51 മറ്റു ക്ഷേത്രങ്ങളുടെയും അധികാരം പിടിച്ചെടുത്തത്. ഇത് മോദിയുടെ സമ്മതത്തോടെയാണോ നടന്നത്.’ ബിജെപിയുടെ പ്രഖ്യാപിത നയത്തിനെതിരായി ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ആണ് സ്വാമി ഈ ചോദ്യം ഉന്നയിക്കുന്നത്.
ക്ഷേത്ര ഭരണസമിതിയുടെ അധികാര വിഷയത്തില്‍ സംഘടനയുടെ പ്രഖ്യാപിത നയത്തിന് കടക വിരുദ്ധമായ നിലപാടാണ് ഭരണത്തിലെത്തുമ്പോള്‍ ബിജെപി സ്വീകരിക്കുന്നത് എന്ന് സ്വാമി വിമര്‍ശിക്കുന്നു. 2019 ഡിസംബറില്‍ നിയമസഭയില്‍ പ്രത്യേക ബില്ല് പാസാക്കി സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളുടെയും അധികാരം സര്‍ക്കാരിന് കീഴില്‍ കൊണ്ട് വന്നു. ചാര്‍ധാം എന്നറിയപ്പെടുന്ന കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും സംസ്ഥാനത്തെ പ്രധാനപ്പെട്ട 51 ക്ഷേത്രങ്ങളും ഒരു പുതിയ ബോര്‍ഡിന് കീഴില്‍ കൊണ്ടുവന്നു. സംസ്ഥാന മുഖ്യമന്ത്രിയാണ് ബോര്‍ഡിന്റെ പ്രസിഡന്റും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിന്റെ സിഇഒയും ആയാണ് ബോര്‍ഡ് രൂപീകരിച്ചത്.
ഇതിനെ നിശിതമായി വിമര്‍ശിച്ച സുബ്രമണ്യന്‍ സ്വാമി സര്‍ക്കാരിനെതിരെ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ക്ഷേത്രങ്ങളുടെ പൂജാരി സമൂഹവും സര്‍ക്കാരിന്റെ ഈ അധികാര കയ്യേറ്റത്തിനെതിരെ സ്വരമുയര്‍ത്തിയിരുന്നു.
ക്ഷേത്രങ്ങളുടെ ഭരണസമിതിയുടെ മേല്‍ സര്‍ക്കാര്‍ അധികാരം സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലെ ബിജെപി നേതാക്കള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ആണ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ഇതിനു കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്.