എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്തത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാളെയാണ് സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെ.പി റമീസ് മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.