തപ്സിയുടെ കൂടെ അഭിനയിക്കാന്‍ കങ്കണ വിസമ്മതിച്ചു ; വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്
എയ്തു വിട്ട ശരങ്ങള്‍ എല്ലാം ബൂമറാങ്ങ് പോലെ തിരിച്ചു വരുന്ന അവസ്ഥയിലാണ് ബോളിവുഡ് നടി കങ്കണ റണൗത്തിനു. നടന്‍ സുശാന്തിന്റെ മരണ ശേഷം ബോളിവുഡിലെ പല നിലപാടുകളെയും പരസ്യമായി വിമര്‍ശിച്ചു കങ്കണ രംഗത്ത് വന്നിരുന്നു. പലതിനും ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പോക പോക കൈവിട്ട അവസ്ഥയിലായി കങ്കണയുടെ ആരോപണങ്ങള്‍. അതോടെ ബോളിവുഡിലെ പല പ്രമുഖരും നടിയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നു തുടങ്ങി.
ഇപ്പോഴിതാ പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും കങ്കണക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു.തപ്സി പന്നുവും ഭൂമി പഡ്നേക്കറും ഒരുമിച്ചഭിനയിച്ച സാന്ത് തി ആംഖിനായി കങ്കണയെ സമീപിച്ചിരുന്നെന്നാണ് ചിത്രം നിര്‍മിച്ച അനുരാഗ് കശ്യപ് പറയുന്നത്. ചിത്രത്തിന്റെ കഥ കേട്ട ശേഷം ഇതില്‍ രണ്ട് കഥാപാത്രങ്ങള്‍ ആവശ്യമില്ലെന്നും ഒരാള്‍ മതിയെന്നുമാണ് കങ്കണ പറഞ്ഞത്.
‘ സാന്ദ് കി ആംഖിന്റെ തിരക്കഥ തുഷാര്‍ കങ്കണയ്ക്ക് നല്‍കിയപ്പോള്‍ കഥ വളരെ മികച്ചതാണെന്നും എന്നാല്‍ രണ്ട് കഥാപാത്രങ്ങളുടെ ആവശ്യകതയെന്തെന്നുമാണ് കങ്കണ ചോദിച്ചത്,’ കങ്കണ അനുരാഗ് കശ്യപിനോട് പറഞ്ഞു. അതുപോലെ പ്രായമുള്ള കഥാപാത്രത്തെ മാറ്റി ചെറുപ്പമാക്കിയാല്‍ താന്‍ ചെയ്യാമെന്നും കങ്കണ പറഞ്ഞതായി അനുരാഗ് കശ്യപ് പറഞ്ഞു.
വയോധികരായ രണ്ട് സഹോദരിമാര്‍ ഷൂട്ടേര്‍സ് ആവാന്‍ ശ്രമിക്കുന്ന കഥയായിരുന്നു സാന്ദ് കി ആഖിന്റേത്. ഈ രണ്ടു കഥാപാത്രങ്ങളിലേക്കും തപ്സി പന്നു, ഭൂമി പഡ്നേക്കര്‍ എന്നീ നടിമാരാണ് പിന്നീട് കാസ്റ്റ് ചെയ്യപ്പെട്ടത്. സഹ കഥാപാത്രങ്ങളെ ഒഴിവാക്കുകയും സംവിധായകന്റെ ജോലിയില്‍ ഇടപെടുകയുമാണ് കങ്കണ ചെയ്യുന്നെന്നും അനുരാഗ് കശ്യപ് ആരോപിച്ചു.
‘ അവരുടെ എല്ലാ സിനിമകളും തന്നെക്കുറിച്ച് തന്നെയാണ്. താരങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് അങ്ങനെയാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഒരു വലിയ താരമാണ് പക്ഷെ അവര്‍ മറ്റുള്ളവരെ പിന്താങ്ങുന്നുണ്ടോ?,’ അനുരാഗ് കശ്യപ് ചോദിച്ചു.ഈ പുതിയ കങ്കണയെ തനിക്കറിയില്ലെന്നാണ് അദ്ദേഹം കങ്കണയുടെ ഒരു അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.’ ഞാന്‍ നേരത്തെ കങ്കണയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ കങ്കണയെ എനിക്ക് പരിചയമേ ഇല്ല’. എന്നാണ് അദ്ദേഹം പറഞ്ഞത്.
തപ്‌സിയെ ബി ക്ലാസ്സ് സിനിമാ താരം എന്ന് പറഞ്ഞു കങ്കണ പരസ്യമായി പരിഹസിച്ചത് കുറച്ചു നാള്‍ മുന്പ് ആയിരുന്നു. അതുപോലെ ആലിയ മികച്ച നടിക്കുള്ള അവാര്‍ഡ് കൈപ്പറ്റിയതിനെയും കങ്കണ കുറ്റപ്പെടുത്തിയിരുന്നു. താന്‍ മാത്രമാണ് മികച്ച നടി എന്ന രീതിയിലാണ് താരത്തിന്റെ നിലപാടുകള്‍ ഇപ്പോള്‍.