NIAക്ക് മുന്നില്‍ ശിവശങ്കറെ കുടുക്കി കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ NIAക്ക് നല്‍കിയ മൊഴിയില്‍ കള്ളമെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയില്‍ വൈരുദ്ധ്യമെന്നും എന്‍ഐഎ കണ്ടെത്തി. സ്വപ്നയും സരിത്തുമായുള്ള ബന്ധം സംബന്ധിച്ചും അവരുമായുള്ള കൂടിക്കാഴ്ചകള്‍ സംബന്ധിച്ചും വിദേശയാത്ര സംബന്ധിച്ചുമായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയായിരുന്നു മറുപടിയെങ്കിലും വിവിധ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പതറി.

നയതന്ത്രബാഗേജിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാമായിരുന്നോ എന്നും എന്‍ഐഎ ആരാഞ്ഞു. ബന്ധുവിന്റെ ഭാര്യയെന്ന നിലയിലാണ് സ്വപ്നയുമായുള്ള ബന്ധമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാനാണ് ചോദ്യംചെയ്യല്‍ നീട്ടിക്കൊണ്ടുപോയത്. എന്നാല്‍ വിദേശനിര്‍മിതമായ നുണപരിശോധനാ സംവിധാനം വഴി അദ്ദേഹം സത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതായി എന്‍ഐഎക്ക് ബോധ്യമായി.

വിദേശ നിര്‍മിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന് കുരുക്കായത്. നുണ പറഞ്ഞാല്‍ പെട്ടെന്ന് തിരിച്ചറിയാനാകുന്നതാണ് ഉപകരണം. അതീവപ്രാധാന്യമുള്ള കേസുകളിലാണ് ഈ സംവിധാനം എന്‍ഐഎ ഉപയോഗിക്കുന്നത്. തെളിവായി കോടതിയില്‍ നല്‍കാനാവില്ലെങ്കിലും കേസില്‍ തെളിവു ശേഖരണത്തിന് ഇത് ഏറെ ഫലപ്രദമാണ്. ശബ്ദതരംഗങ്ങള്‍ പൂര്‍ണമായി ആലേഖനം ചെയ്യുന്നതോടൊപ്പം മൊഴി നല്‍കുന്നയാള്‍ വസ്തുതാ വിരുദ്ധമായി പറയുന്ന ഭാഗങ്ങള്‍ എടുത്തുകാട്ടുന്നതാണ് സംവിധാനം. ഏകദേശം അരക്കോടി രൂപയോളം വിലയുള്ള വിദേശ നിര്‍മിത ഉപകരണമാണിത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇതുസംബന്ധിച്ച അറിവുണ്ടാകില്ല. വിദഗ്ധമായി പറയുന്ന കള്ളം പോലും കണ്ടെത്താന്‍ ഈ ഉപകരണത്തിനാകുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുഭവം.

ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ വിദഗ്ധമായാകും ചോദ്യങ്ങളെ നേരിടുക എന്ന് ബോധ്യമുള്ളതിനാലാണ് ഈ ഉപകരണം എന്‍ഐഎ ഉപയോഗിച്ചത്. ചോദ്യങ്ങള്‍ക്കുമുമ്പില്‍ കുലുങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോഴും മൊഴിയിലെ കള്ളങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.ഒളിപ്പിച്ചുവെച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാകും ഇനിയുള്ള ചോദ്യം ചെയ്യല്‍.