ദുല്‍ഖറും പൃഥ്വിയും കുടുങ്ങുമോ , മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം മലയാളത്തിലെ യുവ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും കാറോട്ട മത്സരമാണ്. ഇവരുടെ വാഹനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കോട്ടയം-ഏറ്റുമാനൂര്‍-കൊച്ചി റൂട്ടിലാണ് ഇരുവരും തങ്ങളുടെ സൂപ്പര്‍ കാറുകളുമായി നിരത്തിലിറങ്ങിയത്. താരങ്ങളുടെ കാറോട്ട മത്സരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ എറണാകുളം- കോട്ടയം റൂട്ടില്‍ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ല എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. റോഡരുകിലെ സിസി ടിവി കാമറകള്‍ പരിശോധിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. പാലാ റോഡിലെ കൊട്ടാരമുറ്റം, കുമ്മന്നൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി ക്യാമറ ദൃശ്യങ്ങളാണ് വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിച്ചത്. വൈകിട്ട് 6.5-ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14- ന് കുമ്മന്നൂര്‍ ജംഗ്ഷനിലെത്തി. അതായത് ആറു കിലോമീറ്റര്‍ പിന്നിടാന്‍ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാന്‍ ഇതേ സമയം തന്നെയാണ് ഗൂഗിള്‍ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ വേഗപരിധി ലംഘിച്ചില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

അതേസമയം സിസി ടിവി കാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌പോര്‍ട്‌സ് കാറുകളായതിനാല്‍ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. താരങ്ങളുടെ കാര്‍ റൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വി തന്റെ കറുത്ത നിറത്തിലുള്ള ലിംബോര്‍ഗിയുമായിട്ടാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ പോര്‍ഷെയും. ഇവരുടെ മുഖങ്ങള്‍ വീഡിയോയില്‍ കാണുന്നില്ലെങ്കിലും കാറുകള്‍ കാണാന്‍ കഴിയുമായിരുന്നു.  അതുപോലെ ലംബോര്‍ഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോര്‍ഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുല്‍ഖറിന്റെ തന്നെ സൂപ്പര്‍ കാര്‍ ഓടിക്കുന്നതായും വിഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്.