കൊവാക്‌സിന്‍ മരുന്ന് ഡല്‍ഹിയില്‍ 30കാരനില്‍ പരീക്ഷിച്ചു

ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന്‍ പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. സഞ്ജയ് റായി പറഞ്ഞു. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് എത്തിക്‌സ് കമ്മിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. 3500ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും സഞ്ജയ് റായി പറഞ്ഞു. ഇവരില്‍ 22 കാര്യങ്ങളില്‍ സ്‌ക്രീനിംഗ് നടക്കുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്താനാണ് തീരുമാനം.

മരുന്ന് പരീക്ഷിച്ച വ്യക്തിക്ക് ദിവസേനയുള്ള ആരോഗ്യനില എഴുതി സൂക്ഷിക്കുന്നതിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിട്ടുണ്ട്. ദിനചര്യകള്‍ അതേപടി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഡോക്ടര്‍മാര്‍ ദിവസവും ഇയാളുമായി ബന്ധപ്പെടും. ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങള്‍ 12 ഇടങ്ങളില്‍ നടന്നുവരികയാണെന്ന് ഐസിഎംആര്‍ അറിയിച്ചു. എയിംസ് പാറ്റ്‌നയിലും മറ്റുചിലയിടങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണം നടന്നുവരികയാണ്.

പരീക്ഷണത്തില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ ctaiims.covid19@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുകയോ 7428847499 എന്ന നമ്പറില്‍ മെസേജ് അയക്കുകയോ ചെയ്യണം. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐസിഎംആര്‍ നടത്തുന്നത്.ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.