ആപ്പുകള്‍ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകള്‍ സജീവം , ഡിജിറ്റല്‍ സ്‌ട്രൈക്ക് ശക്തമാക്കാന്‍ ഐടി മന്ത്രാലയം ; കൂടുതല്‍ ആപ്പുകള്‍ക്ക് വിലക്ക്

ആപ്പുകള്‍ വിലക്കിയിട്ടും അവയുടെ ലൈറ്റ് പതിപ്പുകള്‍ സജീവമായതിനെ തുടര്‍ന്ന് ചൈനീസ് ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ക്ക് കൂടി വിലക്ക് വരുന്നു. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നീ ആപ്പുകളാണ് ഇവ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതനോടകം നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 29നായിരുന്നു ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്. എന്നാല്‍ വിലക്കിയ ആപ്പുകള്‍ അവയുടെ ചെറുപതിപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവയും രാജ്യത്ത് വിലക്കിയത്. മുന്‍പ് ആപ്പുകളുടെ ലൈറ്റ് പതിപ്പ് ഉപയ്യോഗിക്കുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല.

ഇന്ത്യയുടെ നീക്കത്തോടനുബന്ധിച്ച് മറ്റ് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അറിയിച്ചിരുന്നു. എന്തായാലും ലൈറ്റ് പതിപ്പുകള്‍ കൂടി നിരോധിച്ചതോടെ പൂര്‍ണ്ണമായും ആപ്പുകള്‍ ഇന്ത്യയില്‍ ബാന്‍ ആയിക്കഴിഞ്ഞു.