കൊറോണ വൈറസ് ബാധിച്ചു എന്ന് ഭയം ; വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

കോവിഡ് രോഗഭീതിയെ തുടര്‍ന്ന് തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആയി ജോലി നോക്കുന്ന എം രാജ വെങ്കട്ടരമണ (54) ആണ് ആത്മഹത്യ ചെയ്തത്. ക്രിസ്ത്യന്‍ കോളനിയിലെ ഫ്‌ളാറ്റില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ രണ്ടുദിവസമായി പനിയും ജോലദോഷവും ഉണ്ടായിരുന്ന അദ്ദേഹം സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. കോവിഡ് 19 പരിശോധനക്ക് വിധേയനാകണമെന്ന് ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസിലെത്തി ജോലി ചെയ്തശേഷം വെങ്കട്ടരമണ നഗരത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം കരിംനഗറിലെ സ്വന്തം ഫ്‌ളാറ്റിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വെങ്കട്ടരമണ വീട്ടിലേക്ക് മടങ്ങിവരാതിരുന്നതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് കരിംനഗറിലെ ഫ്‌ളാറ്റിലെത്തിയോയെന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെയോ കോവിഡ് രോഗ ഭീതികൊണ്ടോ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.