വെള്ളാപ്പള്ളി നടേശനെ അടിയന്തിരമായി നീക്കം ചെയ്യണം: മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ച് അഡ്വ. സി.കെ. വിദ്യാസാഗര്‍

തൊടുപുഴ: എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് നവോത്ഥാന സംരക്ഷണ സമിതിയുടെ ഉപാദ്ധ്യക്ഷസ്ഥാനത്ത് നിന്നും സി.കെ. വിദ്യാസാഗര്‍ രാജി വച്ചു. സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കെ.കെ.മഹേശന്‍ എന്ന വെള്ളാപ്പള്ളിയുടെ വിശ്വസ്ത സേവകന്റെ ആത്മഹത്യാ കുറിപ്പിലൂടെ പുറംലോകം അറിഞ്ഞ നടേശന്റെ ചെയ്തികള്‍ ഒരിക്കലും ന്യായികരിക്കാന്‍ പാടില്ലെന്നും വിദ്യാസാഗര്‍ പറഞ്ഞു.

നടേശനെ ഇനിയും ചുമലിലേറ്റി നടക്കുന്നത് മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനും ഭൂഷണമല്ല. നടേശനെതിരെയുള്ള കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തണം. നടേശപ്രീതികൊണ്ട് ഒരു രാഷ്ട്രീയ നേതാവിനും ഇനി കേരളത്തില്‍ പത്ത് വോട്ട് പോലും കൂടുതല്‍ ലഭിക്കില്ലന്ന യാഥാര്‍ത്ഥ്യം ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും തിരിച്ചറിയണമെന്നും വിദ്യാസാഗര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മറ്റ് എല്‍.ഡി.എഫ് നേതാക്കളും വെള്ളാപ്പള്ളിയുടെ ദുഷ്‌ചെയ്തികളെ തുറന്ന് കാണിച്ചാണ് വോട്ട് നേടി ജയിച്ചതെന്ന് കാര്യം വിസ്മരിക്കരുതെന്നും രാജികത്തിലൂടെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം വെള്ളാപ്പള്ളിക്കെതിരെ ശ്രീ നാരായണ സമൂഹവും ശ്രീ നാരായണ സഹോദര ധര്‍മ വേദിയും മറ്റ് പല ശ്രീനാരയണ സംഘടനകളും പ്രക്ഷോഭ സമര പരിപാടികളുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നവോത്ഥാന സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ നിര്‍വാഹമില്ലാതായിരിക്കുകയാണെന്നാണ് അദ്ദേഹം രാജിക്കത്തിലൂടെ അറിയിച്ചു.